07:33pm 12 November 2026
NEWS
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ഫെബ്രുവരി രണ്ടിന് പൊന്നാനിയിൽ ഓഫീസ് തുറക്കും; സമരമില്ലാതെ പദ്ധതി പൂർത്തിയാക്കാനും മാർ​ഗമുണ്ട്!
24/01/2026  12:35 PM IST
nila
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ഫെബ്രുവരി രണ്ടിന് പൊന്നാനിയിൽ ഓഫീസ് തുറക്കും; സമരമില്ലാതെ പദ്ധതി പൂർത്തിയാക്കാനും മാർ​ഗമുണ്ട്!

പാലക്കാട്: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് ജീവൻ വെക്കുന്നു. പദ്ധതിയുടെയുടെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചതായി മെട്രോമാൻ ഇ. ശ്രീധരൻ അറിയിച്ചു. ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് സമയമെടുക്കുമെന്നതിനാൽ നടപടികൾ നേരത്തെ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായുള്ള ഓഫീസ് ഫെബ്രുവരി രണ്ടിന് പൊന്നാനിയിൽ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഞ്ചൻകോട് റെയിൽവേ പാത ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ധാരണയിലെത്തിയതെന്ന് ശ്രീധരൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നത്.

ആദ്യ ഘട്ടത്തിൽ 350 കിലോമീറ്റർ വേഗതയാണ് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് പരമാവധി വേഗത 200 കിലോമീറ്ററായി കുറച്ചു. സ്റ്റേഷനുകൾ തമ്മിലുള്ള അകലവും പുതുക്കിയിട്ടുണ്ട്. മുമ്പ് 60–64 കിലോമീറ്റർ ഇടവേളയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 20–25 കിലോമീറ്റർ ഇടവേളയിൽ സ്റ്റേഷനുകൾ സ്ഥാപിക്കും. ആകെ 22 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർദേശിച്ച സ്റ്റേഷനുകൾ

തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശ്ശേരി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ വിമാനത്താവളം), കോഴിക്കോട് (റെയിൽവേ സ്റ്റേഷനടുത്ത്), കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ.

ആദ്യ ഘട്ടത്തിൽ എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക. ഓരോ ട്രെയിനിലും ഏകദേശം 560 യാത്രക്കാരെ ഉൾക്കൊള്ളാനാകും. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കോച്ചുകളുടെ എണ്ണം കൂട്ടുമെന്നും ശ്രീധരൻ പറഞ്ഞു.

പദ്ധതിയുടെ ആകെ ചെലവ് 86,000 കോടി രൂപയായി കണക്കാക്കുന്നു. എന്നാൽ ഇത് ഒരു ലക്ഷം കോടി രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ചെലവിന്റെ 51 ശതമാനം റെയിൽവേ വഹിക്കും. ശേഷിക്കുന്ന ഏകദേശം 60,000 കോടി രൂപ കേന്ദ്രവും സംസ്ഥാനവും ചേർന്ന് കണ്ടെത്തണം. അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. കിലോമീറ്ററിന് ഏകദേശം 200 കോടി രൂപ ചെലവാകും.

അതിവേഗ റെയിൽ നിലവിലെ പാതയുമായി ബന്ധിപ്പിക്കില്ല. സ്റ്റാൻഡേർഡ് ഗേജിലാണ് നിർമാണം. ഗുഡ്‌സ് ട്രെയിനുകൾക്ക് സർവീസ് ഉണ്ടാകില്ല. യാത്രാ സമയം കുറയുകയും അപകടസാധ്യത ഗണ്യമായി കുറയുകയും ചെയ്യുമെന്നാണ് പദ്ധതിയുടെ പ്രധാന സവിശേഷത.

പാതയുടെ ഏകദേശം 70 ശതമാനം ഭാഗം എലിവേറ്റഡായും 20 ശതമാനം തുരങ്കപാതയായും നിർമിക്കും. പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുക. സമരങ്ങൾ ഒഴിവാക്കാൻ ആവശ്യത്തിന് മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്നും, തൂണുകളുടെ നിർമാണം പൂർത്തിയായ ശേഷം ഭൂമി ഉടമകൾക്ക് തിരികെ നൽകുമെന്നും ശ്രീധരൻ വ്യക്തമാക്കി. വീട് പണിയാൻ അനുവാദമില്ലെങ്കിലും കൃഷിക്ക് ഭൂമി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും, 15 ദിവസത്തിനകം റെയിൽവേ മന്ത്രാലയം പദ്ധതിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് ശ്രീധരന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img